Friday, November 16, 2012

എന്റെ ഓണം..!



 എന്റെ ഓണം..!

ട്രെയിന്‍ കണ്ണൂര്‍ എത്തിയപ്പോ മുതല്‍ കുറേശെ മഴ ചാറുന്നുണ്ടായിരുന്നു. തിരുവോണം ആയതുകൊണ്ട് കുറേ ബസ്സുകള്‍ സര്‍വീസ് മുടക്കി. അതുകൊണ്ട് 'ഓട്ടം' മുഴുവന്‍ 'ഓട്ടോ' -കാര്‍ക്ക് ആയിരുന്നു. വീട്ടിലെത്തി കുളിച്ച് വെള്ള മുണ്ട് ഉടുത്ത് കവലയ
ിലേക്ക് ഇറങ്ങി. എന്തോ ഒരു സാധനം മാത്രം വാങ്ങാന്‍ മറന്ന പോലെ പച്ചക്കറി കടയിലേക്ക് തിരിച്ചു നടക്കുന്ന ബാലേട്ടന്‍, പശുവിനെ പട്ടിണിക്ക് ഇടാതെ ആ ചാറ്റല്‍ മഴ നനഞ്ഞു ശാന്തേച്ചി. കസവ് മുണ്ടില്‍ ചെളിതെറിപിക്കാതെ കുറേ ചെറുപ്പക്കാര്‍ എന്തിനോ വേണ്ടി ശ്രീകണ്ടാപുരത്തേക്ക് വരിവരിയായ് ബൈക്കില്‍ പോകുന്നു. മനസൊന്നു തണുപിക്കാന്‍ പട്ടുപാവടയിട്ട ഒരു സുന്ദരിയെ പോലും റോഡില്‍ എവിടെയും കണ്ടില്ല. കൂടെ ചളി അടിച്ച് ഇരുന്നവന്മാരൊക്കെ ഉച്ചയോടടുത്തപ്പോ വീട് പിടിച്ചു. പപ്പടം ഇല്ലാതെ എന്ത് ഓണസദ്യ എന്നമട്ടില്‍ ഒരു കൂട് പപ്പടവും എടുത്ത് അച്ഛന്റെ പറ്റില്‍ ചേര്‍ക്കാന്‍ പറഞ്ഞു ഞാനും വീട്ടിലേക്ക് നടന്നു. ഭാഗ്യം കറന്റ് പോയില്ല. ടി.വി യില്‍ നിന്നും കണ്ണ് എടുക്കാതെ വാഴയിലയില്‍ വിളമ്പിവെച്ച ഇറച്ചിയും മീനും മുട്ടയും പിന്നെ ഓണം സ്പെഷ്യല്‍ പപ്പടവും കൂട്ടി ഓണസദ്യ വെടിപ്പാക്കി കൈകഴുകി റിമോട്ട് കയിലെടുത്തു. പരസ്യം കുറവുള്ള ചാനെല്‍ തിരയുന്നതിനിടയില്‍ എവിടെയോ മമ്മൂട്ടിയുടെ ഇന്റര്‍വ്യൂ കണ്ടു കുറച്ച നേരം വെച്ചു. 10 മിനുട്ട് കഴിഞ്ഞപ്പോ വേറൊരു ചാനലിലും കണ്ടു 'ഓണം വിത്ത് മമ്മൂട്ടി'. മറ്റൊരു ചാനെലില്‍ വൈകിട്ട് 6 മണിക്കും ഉണ്ടത്രേ 'താപ്പാനയും മമ്മുക്കയും'...! മുഹമ്മദ്‌ കുട്ടിയുടെ ഓണവിശേഷങ്ങള്‍ കേള്‍കാന്‍ തോന്നീല്ല. തിയേറ്ററില്‍ പോയി 60 രൂപ തുലച്ചു കണ്ട ചവറു പടങ്ങള്‍ ചാനെലുകാര്‍ 'ബ്ലോക്ക് ബസ്റ്റര്‍' എന്ന് പറഞ്ഞപ്പോ വീണ്ടും കുറച്ചു നേരം കണ്ടുനോക്കി. കൃത്യ സമയത്ത് കട്ട് ആയ കേബിള്‍ ടി.വി ക്ക് നന്ദി പറഞ്ഞു കൊണ്ട് ടി.വി ഓഫാക്കി കിടന്നു. പതിവ് പോലെ വൈകുന്നേരത്തെ ചായ കഴിഞ്ഞ് എല്ലാരോടും യാത്ര പറഞ്ഞിറങ്ങി. നടക്കുന്ന വഴിക്ക് വെറുതെ ടിക്കറ്റ് എടുത്തു നോക്കി. 8 മണിക്കാണ് ട്രെയിന്‍. വൈകി വന്ന KSRTC-ല്‍ സൈഡ് സീറ്റ്‌ നോക്കി ഇരുന്നു. ഏതോ ബസ്‌ സ്റ്റോപ്പില്‍ വെച്ച് കണ്ടു , മുറ്റത്ത്‌ ഇട്ടിരിക്കുന്ന പൂക്കളം മഴ നനയാതിരികാന്‍ കുട നിവര്‍ത്തി വെക്കുന്ന ഒരു കൊച്ചു കുട്ടിയെ. എന്താണെന്നറിയില്ല. എനിക്ക് ചുമ്മാതെ ചിരി വന്നു..! അങ്ങനെ ഒരു ഓണം കൂടി കഴിഞ്ഞു ..!!!!!

No comments:

Post a Comment